കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്

കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. പെൺകുട്ടിയ്ക്ക് ചികിത്സ നൽകിയതിൽ സ്വകാര്യ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്കെതിരെയാണ് റിപ്പോർട്ട്. അഞ്ജുശ്രീ രണ്ട് തവണ ചികിത്സ തേടി എത്തിയെങ്കിലും ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡിസംബർ 31ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടത്. ഉടൻ തന്നെ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അഞ്ജുശ്രീയെ മടക്കി അയച്ചു. വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതി അടുത്ത ദിവസം അതേ ആശുപത്രിയിൽ വീണ്ടുമെത്തി. ഭക്ഷ്യവിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ല. ഇത് വലിയ വീഴ്ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് അഞ്ജുശ്രീയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കവെയാണ് പെൺകുട്ടി മരണപ്പെട്ടത്.