വിദേശത്ത് വ്യോമാഭ്യാസത്തിന് നേതൃത്വം നൽകുന്ന ആദ്യ ഇന്ത്യൻ വനിതാ യുദ്ധവിമാന പൈലറ്റ്; ചരിത്രത്തിലേക്ക് പറന്നുയരാൻ അവ്‌നി ചതുർവേദി

ജോധ്പൂർ: വിദേശത്ത് വ്യോമാഭ്യാസത്തിന് നേതൃത്വം നൽകുന്ന ആദ്യ ഇന്ത്യൻ വനിതാ യുദ്ധവിമാന പൈലറ്റായി അവ്‌നി ചതുർവേദി. ഇതാദ്യമായാണ് രാജ്യത്ത് നിന്നും വനിതാ യുദ്ധവിമാന പൈലറ്റ് വിദേശത്ത് നടക്കുന്ന വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്.

ജപ്പാനുമായുള്ള വ്യോമയാന യുദ്ധ അഭ്യാസമുറകളിലാണ് അവ്‌നി പങ്കാളിയാകുക. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30എംകെഐ സ്‌ക്വാഡ്രണിന് നേതൃത്വം നൽകുന്ന രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റാണ് അവ്‌നി. ജനുവരി 16 നാണ് വീർ ഗാർഡിയൻ 2023 എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ആരംഭിക്കുന്നത്.

ജനുവരി 26 വരെ അഭ്യാസം നടക്കും. ഒമിറ്റമയിലെ ഹ്യാകുരി എയർ ബേസിലും അതിന്റെ ചുറ്റുമുള്ള വ്യോമാതിർത്തിയിലും ജപ്പാനിലെ സയാമയിലെ ഇരുമ എയർ ബേസിലുമാണ് അഭ്യാസം നടക്കുക. മദ്ധ്യപ്രദേശിലെ റീവ ജില്ലയാണ് അവ്‌നിയുടെ സ്വദേശം. തന്റെ 24 -ാം വയസിലാണ് അവ്‌നി വ്യോമസേനയിൽ ചേരുന്നത്. രാജസ്ഥാനിലെ ബനസ്ഥാലി സർവ്വകലാശാലയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ വ്യക്തിയാണ് അവ്‌നി.