‘കേരള മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് ശശി തരൂര്‍; ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും തരൂര്‍ യോഗ്യനെന്ന് സുകുമാരന്‍ നായര്‍

കൊച്ചി: കേരളത്തിന്റെ മധ്യമേഖലയില്‍ പര്യടനത്തിലാണ് ഇന്ന് മുതല്‍ ശശി തരൂര്‍. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസില്‍ സ്വാധീനം ഉറപ്പിക്കുകയാണ് തരൂരിന്റെ ലക്ഷ്യം. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ‘കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. എന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല’- തരൂര്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ‘കേരള മുഖ്യമന്ത്രിയാകാന്‍ ഞാന്‍ തയാറാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടേതാണ് തീരുമാനം. കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ട്’- തരൂര്‍ മറുപടി നല്‍കി.

അതേസമയം, ശശി തരൂര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, കൂട്ടത്തില്‍ നില്‍ക്കുന്ന ആളുകള്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്? അധോഗതി എന്നല്ലാതെ എന്ത് പറയാന്‍ സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. എന്‍ എസ് എസിനെ പോലെ മുസ്ലിം സംഘടനകളും ക്രൈസ്തവ സഭകളുമെല്ലാം തരൂരിനെ പിന്തുണച്ചു രംഗത്തു വരുന്നുണ്ട്. എന്‍എസ്എസ് തരൂരിനെ അനുകൂലിക്കുന്നത് രമേശ് ചെന്നിത്തലയേയും കെസി വേണുഗോപാലിനേയും പോലുള്ള നേതാക്കള്‍ക്ക് തലവേദനയാണ്. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് ചെന്നിത്തലയെ പിന്തുണക്കുന്നത്. ഐ ഗ്രൂപ്പും നേതാക്കളും തരൂരിനെതിരെ സജീവമായി രംഗത്തുണ്ട്. ക്രൈസ്തവ സഭകളും തരൂരിനെ നേതാവായി അംഗീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുസ്ലിം ലീഗ് പിന്തുണയിലായിരുന്നു തരൂരിന്റെ മലബാര്‍ പര്യടനം.

തരൂരിനെ താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാന്‍ കഴിഞ്ഞപ്പോള്‍ വിശ്വപൗരനാണ്, കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് പോലും അദ്ദേഹത്തെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡല്‍ഹി നായര്‍ വിളിച്ചത്. ആരും പറഞ്ഞിട്ടല്ല അന്ന അങ്ങനെ വിളിച്ചത്. ഒരു നായര്‍ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാവും. ചിലയാളുകള്‍ അദ്ദേഹം നേതൃത്വത്തിലേക്ക് വരാന്‍ ആഗ്രഹിച്ചിട്ടില്ല. അത് അവരുടെ അല്‍പ്പത്തരമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.