കേരളത്തില്‍ 80% ഹോട്ടലുകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: കേരളത്തില്‍ 80 ശതമാനത്തോളം ഹോട്ടലുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഹോട്ടലുകളും ഓഡിറ്റോറിയങ്ങളുമൊക്കെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയേ പ്രവര്‍ത്തിക്കാവൂ എന്നാണ് 1974-ലെ ജലനിയമവും 1981-ല്‍ നിലവില്‍വന്ന വായുനിയമവും വ്യക്തമാക്കുന്നത്. അതിനാല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമാണ്.

അതേസമയം, മലിനജല സംസ്‌കരണ പ്ലാന്റ് പോലെയുള്ള സംവിധാനം ഉണ്ടെങ്കിലേ ഹോട്ടലുകള്‍ക്കും മറ്റും പ്രവര്‍ത്തനാനുമതി നല്‍കാന്‍ സാധിക്കൂ. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷ്യവിഷബാധക്ക് മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കാരണമാണെന്നാണ് കണ്ടെത്തല്‍. അഞ്ചുവര്‍ഷത്തേക്കാണ് ഹോട്ടലുകള്‍ക്കും മറ്റും ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കേണ്ടത്. ചെറിയ ഹോട്ടലുകള്‍ക്ക് ഫീസ് 4000 മുതല്‍ 5000 വരെയാണ്. ബോര്‍ഡിന്റെ അനുമതി നേടണമെന്ന നിയമം നടപ്പാക്കാത്തതിനാല്‍ സര്‍ക്കാരിന് ലഭിക്കാവുന്ന 150 കോടിയോളം രൂപ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്.

സംസ്ഥാനത്ത് ഏകദേശം അഞ്ചുലക്ഷത്തോളം ഹോട്ടലുകളുണ്ട്. കാനകളിലേക്കൊന്നും ഇത്തരം ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടാനാകില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ക്കും മറ്റും അനുമതിനല്‍കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിവാങ്ങണം എന്ന് ലൈസന്‍സില്‍ രേഖപ്പെടുത്തിക്കൊണ്ടാണ്. എന്നാല്‍, അതിനുശേഷം ആരും അനുമതിവാങ്ങാറില്ല എന്നതാണ് വാസ്തവം.