കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം നല്‍കിയത്; പ്രതിസന്ധിയില്‍ രാഷ്ട്രീയം കളിക്കുകയല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ രാഷ്ട്രീയം കളിക്കുകയല്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ.

‘ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിക്ക് വരെ രോഗം സ്ഥിരീകരിച്ചു. സാഹചര്യം കണക്കില്‍ എടുത്താണ് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചത്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് ആരോഗ്യ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേരില്‍ പരിശോധന നടത്തും. ഈ പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ പരിശോധനയുടെ എണ്ണം കൂട്ടണം എന്ന് തീരുമാനിക്കും. ആവശ്യമെങ്കില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം നടത്തി തീരുമാനം എടുക്കും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് അദ്ധ്യക്ഷന്‍മാര്‍ മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു ശേഷം ഇരിപ്പിടങ്ങള്‍ മാറ്റി നിശ്ചയിച്ചത് പോലുള്ള നിയന്ത്രണങ്ങള്‍ നീക്കിയാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. എന്നാല്‍ പല രാജ്യങ്ങളിലും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും നിര്‍ദ്ദേശിച്ചു.