കേരള കലാമണ്ഡലത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ ശമ്പളം മുടങ്ങി

തൃശൂർ: കേരള കലാമണ്ഡലത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി. കലാമണ്ഡലത്തിലെ ജീവനക്കാരുടെ ഡിസംബർ മാസത്തെ ശമ്പളം ഇനിയും നൽകിട്ടില്ല. ജിവിതച്ചെലവിന് എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഇവർ. കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ ഗ്രാന്റും മുടങ്ങി. 123 സ്ഥിരം ജീവനക്കാരും 171 താൽക്കാലിക ജീവനക്കാരും 600 വിദ്യാർഥികളുമാണ് കലാമണ്ഡലത്തിലുള്ളത്.

കലാമണ്ഡലത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഉൾപ്പടെയുള്ള ചെലവുകൾ നടക്കുക സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്നാണ്. പ്രതിമാസം എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ശമ്പളത്തിന് മാത്രം വേണ്ടിവരുന്നത്. പത്താം തീയതിയോടെ മിക്ക മാസങ്ങളിലും ഇത് ലഭ്യമാകും. എന്നാൽ ഇത്തവണ ഈ ഗ്രാന്റ് ലഭിച്ചില്ല.

കലാമണ്ഡലത്തിന് പ്രതിവർഷം സർക്കാരിൽ നിന്ന് ലഭിക്കുന്ന ഗ്രാൻഡ് പത്തുകോടി രൂപയിൽ താഴെയാണ്. 14 കോടി രൂപയായി ഗ്രാൻഡ് ഉയർത്താതെ കലാമണ്ഡലത്തിലെ പ്രതിസന്ധി അവസാനിക്കില്ല.