‘പാര്‍ട്ടിയുടെ ദിശാബോധം നഷ്ടപ്പെട്ടു’; കോണ്‍ഗ്രസില്‍ നിന്നും മേഘാലയ മുന്‍ മന്ത്രി രാജിവെച്ചു

മേഘാലയയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ഡോ. അമ്പാരീന്‍ ലിംഗ്‌ദോ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നതിനിടെയാണ് ലിംഗ്‌ദോയുടെ രാജി. ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാന്‍ ലിംഗ്ദോ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയാണ് എന്‍പിപി .

‘എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പാര്‍ട്ടിക്ക് വേണ്ടിയാണ് ചെലവഴിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് കോണ്‍ഗ്രസിന്റെ ദിശാബോധം നഷ്ടപ്പെട്ടുവെന്നാണ്. പാര്‍ട്ടിയും നേതൃത്വവും ഇക്കാര്യം ആലോചിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആത്മപരിശോധന നടത്താനുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്നു’- ലിംഗ്ദോ വ്യക്തമാക്കി.

അതേസമയം, രാജി കത്തിന്റെ പകര്‍പ്പ് ലിംഗ്ദോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ലിംഗ്‌ദോയ്ക്ക് പുറമെ ചില എംഎല്‍എമാരും രാജി വച്ചിട്ടുണ്ട്. ഇവരും എന്‍പിപിയില്‍ ചേരുമെന്നാണ് വിവരം.