അർജന്റീനയുടെയും മെസ്സിയുടെയും വിജയത്തിൽ ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ സന്തോഷിക്കുന്നു; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഖത്തർ ലോകകപ്പിൽ വിജയിച്ച അർജന്റീനയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീര വിജയത്തിൽ സന്തോഷിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിൽ അർജൻറീനൻ പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസിനെ ടാഗ് ചെയ്താണ് മോദി അഭിനന്ദനം അറിയിച്ചത്. അതേസമയം മികച്ച രണ്ടാമത്തെ സ്ഥാനത്തെത്തിയ ഫ്രാൻസിനെ ആശ്വസിപ്പിക്കുന്ന ട്വീറ്റും അദ്ദേഹം പങ്കുവെച്ചു.

ഏറ്റവും ആവേശകരമായ ഫുട്‌ബോൾ മത്സരങ്ങളിൽ ഒന്നായി ഫൈനൽ ഓർമ്മിക്കപ്പെടും. ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. അവർ ടൂർണമെന്റിലുടനീളം ഉജ്ജ്വലമായി കളിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീരമായ വിജയത്തിൽ ആഹ്ലാദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഫിഫ ലോകകപ്പിൽ ആവേശകരമായ പ്രകടനത്തിന് ഫ്രാൻസിന് അഭിനന്ദനങ്ങൾ നേരുന്നു. ഫൈനലിലേക്കുള്ള വഴിയിൽ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് അവർ ഫുട്‌ബോൾ ആരാധകരെയും സന്തോഷിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനെ ടാഗ് ചെയ്ത് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.