നായർ സമുദായാംഗങ്ങളുടെ വിവാഹത്തിന് ആലപിക്കാൻ വിവാഹ മംഗള പ്രാർഥനാ ഗാനം

പുനലൂർ: നായർ സമുദായാംഗങ്ങളുടെ വിവാഹത്തിന് ആലപിക്കുന്നതിനുള്ള വിവാഹ മംഗള പ്രാർഥനാ ഗാനം ആയിരക്കണക്കിന് സമുദായ പ്രവർത്തകർക്ക് ചൊല്ലിക്കൊടുത്ത് സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രൻ. 148 കരയോഗങ്ങൾ ഉള്ള പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ പ്രവർത്തക സമ്മേളനത്തിലാണ് ഗാനം ചൊല്ലിക്കൊടുത്തത്.

താലൂക് യൂണിയൻ പ്രസിഡന്റ് ഗണേഷ്‌കുമാറാണ് വിവാഹ മംഗള ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ഹരിനാരായണൻ എഴുതിയ വരികൾക്ക് സിനിമ സംഗീതസംവിധായകൻ എം ജയചന്ദ്രനാണ് ഈണം നൽകിയതും പാടിയതും. നായർ സമുദായത്തിന് മാത്രം വിവാഹത്തിന് പല ഭാഗങ്ങളിലും പ്രാർത്ഥന ഇല്ലെന്നും വായ്ക്കുരവ മാത്രമേ ഉള്ളൂവെന്നും ഇതര സമുദായങ്ങൾക്ക് പ്രാർഥന ഉള്ളതിനാലാണ് പുതിയ ആചാരക്രമത്തെ പറ്റി പഠനം നടത്തിയ ശേഷം തുടക്കം കുറിക്കുന്നതെന്ന് ജയചന്ദ്രൻ വ്യക്തമാക്കി.

പ്രതിഫലം വാങ്ങാതെയാണ് ഗാനരചയിതാവും ഗായകനുംവിവാഹമംഗള പ്രാർഥനാ ഗാനം ചിട്ടപ്പെടുത്തിയതും ആലപിക്കുകയും ചെയ്തതെന്ന് യൂണിയൻ പ്രസിഡന്റ് കെ ബി ഗണേഷ്‌കുമാർ എംഎൽഎ പറഞ്ഞു. എൻഎസ്എസ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് സമുദായ അംഗങ്ങളുടെ ഇടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ചരിത്രപരമായ ഈ ഗാനം രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.