ചൈന യുദ്ധത്തിന് ഒരുക്കം നടത്തുമ്പോൾ കേന്ദ്രസർക്കാർ ഉറങ്ങുകയാണ്; രാഹുൽ ഗാന്ധി

ജയ്പുർ: ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന യുദ്ധത്തിന് ഒരുക്കം നടത്തുമ്പോൾ കേന്ദ്രസർക്കാർ ഉറങ്ങുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലഡാക്ക്, അരുണാചൽ പ്രദേശ് മേഖലകളിൽ ചൈന തയ്യാറെടുപ്പുകൾ നടത്തുകയാണ്. എന്നാൽ ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണ്. ചൈനയെ സൂക്ഷിക്കണമെന്ന് താൻ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ആക്രമണത്തിനല്ല, സർവസന്നാഹത്തോടെയുമുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. ഭീഷണി വ്യക്തമാണ്. എന്നാൽ നമ്മുടെ സർക്കാർ ആ ഭീഷണിയെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം ശ്രമിക്കുന്നത് നമ്മളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കാനാണ്. എന്നാൽ ഒരുപാടുകാലം ഇത്തരം കാര്യങ്ങൾ മറച്ചുവെക്കാൻ അവർക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. തവാങ് മേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ അടുത്തിടെ സംഘർഷം നടന്ന സാഹചര്യത്തിലാണ് രാഹുൽ കേന്ദ്ര സർ്ക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.