ഹോട്ടലിലെ ഭീമൻ അക്വേറിയം തകർന്നു വീണു; തെരുവിലൂടെ ഒഴുകി നടന്നത് 1500 മത്സ്യങ്ങൾ

ബെർലിൻ: ബെർലിനിലെ ഹോട്ടലിലെ പ്രശസ്തമായ ഭീമൻ അക്വേറിയം തകർന്ന് വീണു. 52 അടിയുള്ള അക്വേറിയമാണ് തകർന്നു വീണത്. ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ഈ ഭീമൻ അക്വേറിയം സ്ഥിതി ചെയ്തിരുന്നത്. അക്വേറിയം തകർന്ന് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 200,000 ഗാലൻ വെള്ളവും 1,500 ട്രോപ്പിക്കൽ മത്സ്യങ്ങളും ഈ ഭീമൻ അക്വേറിയത്തിൽ ഉണ്ടായിരുന്നു. അർദ്ധരാത്രിയിൽ ബെർലിനിലെ താപനില മൈനസ് 14 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴ്ന്നതോടെ വെള്ളം തണുത്തുറഞ്ഞതാണ് അക്വേറിയം തകർന്നതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാവിലെയാണ് അക്വേറിയം തകർന്നു വീണത്. അക്വേറിയം തകർന്നു വീണ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്വേറിയം തകർന്നതോടെ വെള്ളവും ഗ്ലാസ് കഷ്ണങ്ങളും ഹോട്ടലിലാകെ പരന്നു. ഇതോടെ മുന്നൂറോളം അതിഥികളെ ഹോട്ടലിൽ നിന്നും ഒഴിപ്പിച്ചു. അക്വേറിയം തകർന്നതോടെ പത്ത് ലക്ഷം ലിറ്ററോളം വെള്ളവും മത്സ്യങ്ങളും തൊട്ടടുത്തുള്ള തെരുവിലേക്കാണ് ഒഴുകിപ്പോയത്. നൂറോളം അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അതേസമയം, അക്വേറിയം വൃത്തിയാക്കുന്നതിനും മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനുമായി നാല് ജീവനക്കാരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. 30 അടിയോളം ഉയരമുള്ള ഫൗണ്ടേഷനിലാണ് ഈ അക്വേറിയം ഘടിപ്പിച്ചിരുന്നത്.