പിൻവാതിൽ നിയമനം; തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: പിൻവാതിൽ നിയമന നീക്കത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർമാരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്ത മേയറുടെ നടപടി റദ്ദാക്കണം, വനിതാ കൗൺസിലർമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഇടത് കൗൺസിലർ ഡിആർ അനിലിനെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധം നടത്തിയത്.

മേയറുടെ കത്ത് വിവാദത്തെ ചൊല്ലി പ്രതിപക്ഷ കൗൺസിലർമാരും ഇടത് അംഗങ്ങളും തമ്മിൽ ഇന്ന് സംഘർഷമുണ്ടായിരുന്നു. കൗൺസിൽ യോഗം അലങ്കോലമാക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ച് ഒമ്പത് ബിജെപി കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ രാജി വയ്ക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ 24 മണിക്കൂർ രാപ്പകൽ സമരം ചെയ്യുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ഉന്തും തള്ളും വരെ ഉണ്ടായി.