യുപിഐ മുതല്‍ വായ്പാ പലിശ നിരക്ക് വര്‍ധന വരെ; റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങള്‍

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി നിലവില്‍ 6.25 ശതമാനമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ഹോള്‍ഡ്-ടു-മെച്യൂരിറ്റി പരിധി നീട്ടല്‍, യുപിഐയില്‍ സിംഗിള്‍-ബ്ലോക്ക്-മള്‍ട്ടിപ്പിള്‍-ഡെബിറ്റ് ഫംഗ്ഷണാലിറ്റി അവതരിപ്പിക്കല്‍ തുടങ്ങി മറ്റ് ചില മാറ്റങ്ങളും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രഖ്യാപനങ്ങള്‍ അറിയാം…

ഈ വര്‍ഷം തുടര്‍ച്ചയായി അഞ്ചാം തവണയാണ് റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്. ഇത് വായ്പാ പലിശ നിരക്ക് ഉയരാന്‍ കാരണമാകും. 2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഎഫ്എസ്സിയിലെ അംഗീകൃത എക്സ്ചേഞ്ചുകള്‍ വഴി സ്വര്‍ണ്ണ വിലയിലെ നഷ്ടസാധ്യത നിയന്ത്രിക്കാന്‍ റസിഡന്റ് എന്റിറ്റികളെ അനുവദിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. നിലവില്‍, വിദേശ വിപണികളിലെ സ്വര്‍ണ്ണ വിലയിലെ നഷ്ട സാധ്യത നേരിടാന്‍ ഇന്ത്യയിലുള്ള സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല. ഈ നടപടി സ്വര്‍ണ്ണ ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഗുണം ചെയ്യും.

ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും. നിലവില്‍, വ്യാപാരികള്‍ക്കും യൂട്ടിലിറ്റികള്‍ക്കുമുള്ള റിക്കറിംഗ് ബില്‍ പേയ്മെന്റുകള്‍ ആണ് ഇതുവഴി കൈകാര്യം ചെയ്യുന്നത്. നോണ്‍ റിക്കറിംഗ് ബില്‍ ഇടപാടുകള്‍ നടത്തിയിരുന്നില്ല. 2017-ല്‍ ആരംഭിച്ച ബിബിപിഎസ് നിലവില്‍ പ്രൊഫഷണല്‍ സേവനങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കല്‍, വിദ്യാഭ്യാസ ഫീസ്, നികുതി പേയ്മെന്റുകള്‍, വാടക തുടങ്ങിയ ബില്‍ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്തിരുന്നില്ല. എന്നാല്‍ ഇനി സുതാര്യമായ പേയ്മെന്റ് അനുഭവം വാഗ്ദാനം ചെയ്യുന്ന ബിബിപിഎസ് പ്ലാറ്റ്ഫോം കൂടുതല്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

ബോണ്ടുകളിലെ പുതിയ ബാങ്ക് നിക്ഷേപങ്ങളുടെ എച്ച്ടിഎം (ഹെല്‍ഡ്-ടു-മെച്യൂരിറ്റി) കാറ്റഗറൈസേഷന് ആര്‍ബിഐ 2024 മാര്‍ച്ച് വരെ സമയം അനുവദിച്ചു. 2024 മാര്‍ച്ച് 31വരെ ബാങ്കുകള്‍ക്ക് 23 ശതമാനം എച്ച്ടിഎം (ഹോള്‍ഡ്-ടു-മെച്യൂരിറ്റി) പരിധി ഉണ്ടായിരിക്കും. ഇത് ബാങ്കുകള്‍ക്ക് അവരുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോകള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ഇളവ് നല്‍കും. മെച്യൂരിറ്റി വരെ സെക്യൂരിറ്റികള്‍ കൈവശം വയ്ക്കുന്നതിനായുള്ള ബാങ്കുകളുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോയുടെ ഒരു വിഭാഗമാണ് ഹോള്‍ഡ്-ടു-മെച്യുരിറ്റി (എച്ച്ടിഎം) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സമയം നീട്ടുന്നത് ബോണ്ട് മാര്‍ക്കറ്റ് മേഖലയിലെ സ്ഥിരതയ്ക്ക് സഹായകമാകും.

2022-23 സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് 6.7 ശതമാനമായിരിക്കും.

2023 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 7 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ആര്‍ബിഐ താഴ്ത്തി.