ഒമിക്രോണ്‍ ബിക്യു1, ബിക്യു1.1 കേസുകള്‍ കൂടുന്നു

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 49.7 ശതമാനവും ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബിക്യൂ1, ബിക്യു1.1 എന്നിവ മൂലമാണെന്ന് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയിലും ഈ പുതിയ വകഭേദങ്ങള്‍ പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, യൂറോപ്പിലും സിംഗപ്പൂരിലും കാനഡയിലുമടക്കം ഈ രണ്ട് വകഭേദങ്ങള്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നവംബര്‍ പകുതിയോടെയോ ഡിസംബര്‍ ആരംഭത്തോടെയോ 50 ശതമാനം കോവിഡ് കേസുകളും ബിക്യു1, ബിക്യു1.1 വകഭേദങ്ങള്‍ മൂലമാകാമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) പ്രവചിക്കുന്നു.

2023 ല്‍ 80 ശതമാനം കോവിഡ് കേസുകള്‍ക്കും കാരണമാകാന്‍ ഈ രണ്ട് വകഭേദങ്ങള്‍ക്ക് സാധിച്ചേക്കാമെന്നും ഇസിഡിസി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇവ മൂലമുള്ള ആശുപത്രി പ്രവേശനം വര്‍ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. ഒമിക്രോണിന്റെ മുന്നൂറോളം ഉപവകഭേദങ്ങളാണ് ലോകമെമ്പാടും കോവിഡ് കേസുകള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുന്നത്.