ന്യൂഡൽഹി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്.
വിവിധ വിദേശ മെഡിക്കൽ കോളേജുകൾ മറ്റ് രാജ്യങ്ങളിൽ പഠനം തുടരാൻ അനുവദിക്കണമെന്ന 382 വിദ്യാർഥികളുടെ ആവശ്യം നിരസിച്ചുവെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള 15,783 വിദ്യാർഥികളാണ് യുക്രൈനിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠനം നടത്തിയിരുന്നത്. ഇതിൽ 14,973 കുട്ടികൾ നിലവിൽ ഓൺലൈൻ മാർഗത്തിലൂടെ പഠനം തുടരുകയാണ്. 670 ഇന്ത്യൻ വിദ്യാർഥികൾ യുക്രൈനിലെ മെഡിക്കൽ കോളേജുകളിൽ ഓഫ്ലൈൻ ആയി പഠനം തുടരുന്നുവെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
പഠനം തുടരാൻ അനുവദിക്കണമെന്ന 382 വിദ്യാർഥികൾ ആവശ്യം മറ്റ് രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകൾ നിരസിച്ചത് മോശം പഠന നിലവാരം, ഫീസ് അടയ്ക്കുന്നതിൽ മുടക്കം വരുത്തിയത്, സൗജന്യ സീറ്റുകളുടെ ലഭ്യത കുറവ് എന്നീ കാരണങ്ങളാലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികൾക്ക് യുദ്ധ ഇരകളുടെ പദവി നൽകണമെന്ന് ഒരു വിഭാഗം വിദ്യാർഥികൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് തങ്ങൾ അർഹരാണെന്നും വിദ്യാർഥികളുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഹർജികൾ കോടതി അടുത്ത ആഴ്ച്ച പരിഗണിക്കും.

