സംസ്ഥാന കോൺഗ്രസിൽ ഏത് ഉന്നതനാണെങ്കിലും വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ അനുവദിക്കില്ല; വി ഡി സതീശൻ

തിരുവനന്തപുരം: ശശി തരൂരിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന കോൺഗ്രസിൽ ഏത് ഉന്നതനാണെങ്കിലും വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വി ഡി സതീശൻ വ്യക്്തമാക്കി. ശസി തരൂരിന്റെ പ്രവർത്തനം വിഭാഗീയത വളർത്തലാണെന്ന ധ്വനി നൽകികൊണ്ടാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

വളരെ വ്യക്തമായി കെപിസിസി അധ്യക്ഷൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അധ്യക്ഷന്റെ വാക്കുകൾ വീണ്ടും താൻ ആവർത്തിക്കുകയാണ്. സംഘടനാ തീരുമാനം എല്ലാവരുമായി ആലോചിച്ചിട്ടാണ് കെപിസിസി അധ്യക്ഷൻ സ്വീകരിക്കുന്നത്. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ സ്പേസുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ കോൺഗ്രസ് ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം തന്റെ പാണക്കാട് യാത്രയിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി മാദ്ധ്യമങ്ങളോട് പറഞ്ഞത്. മലബാറിൽ വരുമ്പോഴൊക്കെ പാണക്കാട് പോകാറുണ്ട്. ഇതുവഴി വരുമ്പോൾ ഇവിടെ കയറാതിരിക്കുന്നത് മര്യാദയല്ല. ഇത് അസാധാരണ സംഭവമല്ല. രണ്ട് യു.ഡി.എഫ് എംപിമാർ ഒരു യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ വീട്ടിൽ പോകുന്നു, അത്രമാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.