ന്യൂഡൽഹി: ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറോക്ക് അബ്ദുള്ള നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്ക് അധിനിവേശ കശ്മീരുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ള നടത്തിയ പരാമർശത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പാക് അദീന കാശ്മീർ തിരിച്ചുപിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. 130 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ ആരെയും ഭയക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽഗാന്ധിയുടെ സഖ്യത്തിലെ പങ്കാളിയാണ് ഫറൂഖ്. അതിനാൽ തന്നെ ഇത്തരം പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകണം. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ല. പാകിസ്താന്റെ കൈവശം ആറ്റംബോംബ് ഉണ്ട്. അതുകൊണ്ട് അവർക്ക് ബഹുമാനം നൽകണമെന്നും, പാക് അധീന കശ്മീരിൽ അവകാശം ഉന്നയിക്കരുതെന്നുമാണ് ഫാറൂഖ് പറയുന്നത്. തനിക്ക് അദ്ദേഹത്തോട് ഒരു കാര്യം ചോദിക്കാനുണ്ട്. 130 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ എന്തിന്റെ പേരിലാണ് ആരെയെങ്കിലും പേടിച്ച് അതിന്റെ അവകാശങ്ങൾ ഉപേക്ഷിക്കേണ്ടത്. എന്ത് തരം ചിന്തയാണതെന്ന് അദ്ദേഹം ചോദിക്കുന്നു.

