തിരുവനന്തപുരം: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണ്. ഇന്നലെയാണ് സംഭവം അറിഞ്ഞത്. അപ്പോൾ തന്നെ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടാനുള്ള നിർദേശം നൽകുകയായിരുന്നു. നിർഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. പറയാൻ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹതിമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ അന്വേഷണ സംഘം രാഹുലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. രാഹുൽ സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

