കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു; അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചു എയർ ആംബുലൻസിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. വിമാനത്താവളത്തിൽനിന്ന് തലശ്ശേരി ടൗൺ ഹാളിലേക്ക് വിലാപയാത്ര ആരംഭിച്ചു. കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തിയിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായെത്തുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് കോടിയേരിയിലെ വീട്ടിൽ എത്തിക്കും. പിന്നീട് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് മൂന്ന് മണിയ്ക്ക് കണ്ണൂർ പയ്യാമ്പലത്ത് കോടിയേരിയുടെ മൃതദേഹം സംസ്‌കരിക്കും. അതേസമയം, കോടിയേരിയോടുള്ള ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കാനാണ് തീരുമാനം.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. ക്യാൻസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിയവെയാണ് കോടിയേരി അന്തരിച്ചത്.