ലഹരിവിരുദ്ധ ദിനം ഗാന്ധി ജയന്തി ദിനത്തിൽ നിന്ന് മാറ്റില്ല; പദ്ധതിയോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിവിരുദ്ധ ദിനം ഗാന്ധി ജയന്തി ദിനത്തിൽ നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബർ രണ്ടിനാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള കത്തോലിക്കാ മെത്രാൻ സമിതി എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രായോഗിക വിഷമം മനസ്സിലാക്കുന്നുണ്ടെന്നും പദ്ധതിയോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്കണം. രാവിലെ 10ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാകായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്‌കൂൾതല പരിപാടി രാവിലെ 9.30ന് ആരംഭിക്കും. ഈ ചടങ്ങിൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ രജിസ്‌ടേഷൻ സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഗാന്ധിജയന്തി മുതൽ നവംബർ 1 (കേരള പിറവി) വരെ നടക്കുന്ന കാമ്പയിനിലെ എല്ലാ പരിപാടികളിലും ജീവനക്കാരും വിദ്യാർത്ഥികളും പങ്കാളികളാകും. സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ പ്രത്യേകമായി ഈ കാലയളവിൽ സംഘടിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റർ, ബോർഡ് തുടങ്ങിയവ സംസ്ഥാനത്താകെ സർക്കാർ നിർദേശിച്ച പ്രകാരം ഒരേ രീതിയിൽ സ്ഥാപിക്കും. ജീവനക്കാരുടെ സംഘടനകളോടും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ നത്തുന്ന ലഹരിവിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അത് കൂടുതൽ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ ഊർജ്ജിതമായി നടത്താനും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു .