ന്യൂഡൽഹി: കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ആർഎസ്എസ് നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചത്. ആർഎസ്എസ് നേതാക്കൾക്ക് പിഎഫ്ഐയിൽ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ പിഎഫ്ഐ നേതാവായ മുഹമ്മദ് ബഷീറിന്റെ വീട്ടിൽ നിന്നും അഞ്ച് ആർഎസ്എസ് നേതാക്കളുടെ പേരുകളടങ്ങിയ പട്ടികയും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ആർഎസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ അർദ്ധസൈനിക വിഭാഗത്തിന്റെ കമാൻഡോകളെയും വിന്യസിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഇവരിൽ അഞ്ച് പേർ സ്റ്റാറ്റിക് ഡ്യൂട്ടിക്കായും ആറുപേർ വ്യക്തിഗത സുരക്ഷയ്ക്കായും പ്രവർത്തിക്കും.

