രാത്രി 10 മണിയായി, നിയമങ്ങളും ചട്ടങ്ങളും പാലിച്ചേ മതിയാകൂ; റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി

ജയ്പുര്‍: ഇന്നലെ രാജസ്ഥാനിലെ സിരോഹിയിലെ അബു റോഡ് മേഖലയില്‍ നടന്ന റാലിയ്ക്കിടെ ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വൈകിയതിന് പിന്നാലെ മൈക്കിലൂടെയുള്ള പ്രസംഗം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈക്ക് ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടം പാലിക്കേണ്ടതിനാലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കേണ്ടി വന്നതെന്നും അതിന് മാപ്പു പറയുന്നുവെന്നും മോദി പറഞ്ഞു. സിരോഹിയിലേക്ക് വീണ്ടും വരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

‘എത്തിച്ചേരാന്‍ വൈകി. ഇപ്പോള്‍ രാത്രി പത്തുമണിയായി. നിയമങ്ങളും ചട്ടങ്ങളും പാലിച്ചേമതിയാകൂ എന്ന് എന്റെ മനഃസാക്ഷി പറയുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോടു മാപ്പു പറയുകയാണ്. ഇവിടേക്ക് വീണ്ടും വരും. ഭാരത് മാതാ കീ ജയ്’- മൈക്ക് ഉപയോഗിക്കാതെ തന്നെ മോദി പറഞ്ഞു. ചടങ്ങിനെത്തിയ ജനങ്ങള്‍ മുദ്രാവാക്യം ഏറ്റുവിളിച്ചു.

അതേസമയം, സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ രാജസ്ഥാന്‍ ബി.ജെ.പി. അധ്യക്ഷന്‍ സതീഷ് പൂനിയ, മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സിരോഹി, ദുംഗര്‍പുര്‍, ബന്‍സ്വാര, ചിറ്റോര്‍ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും റാലിക്ക് എത്തിച്ചേര്‍ന്നിരുന്നു.