വന്ദേ ഭാരത് എക്‌സ്പ്രസ് റെഡി; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ഇന്ന് മുതല്‍. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പ്രധാനമന്ത്രി ഗാന്ധിനഗറില്‍ നിന്ന് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് വന്ദേ ഇന്ത്യയുടെ ആദ്യ പാദം ഗാന്ധിനഗറില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തത്.

വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പൂര്‍ണമായും എസി ആയിരിക്കും. കൂടാതെ, സ്ലൈഡിംഗ് ഡോറുകള്‍, പേഴ്‌സണല്‍ റീഡിംഗ് ലാമ്പ്, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, അറ്റന്‍ഡന്റ് കോള്‍ ബട്ടണ്‍, ബയോ ടോയ്ലറ്റുകള്‍, ഓട്ടോമാറ്റിക് ഗേറ്റുകള്‍, സിസിടിവി ക്യാമറകള്‍, ചാരിയിരിക്കുന്ന സൗകര്യം, സുഖപ്രദമായ സീറ്റുകള്‍ എന്നിവയുണ്ടാകും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഈ ട്രെയിന്‍ മുംബൈ സെന്‍ട്രലിനും ഗാന്ധിനഗറിനും ഇടയില്‍ സര്‍വീസ് നടത്തും.

അതേസമയം, വന്ദേ ഭാരത് എക്സ്പ്രസില്‍ എയര്‍ പ്യൂരിഫിക്കേഷനായി റൂഫ് മൗണ്ടഡ് പാക്കേജ് യൂണിറ്റില്‍ (ആര്‍എംപിയു) ഫോട്ടോകാറ്റലിറ്റിക് അള്‍ട്രാവയലറ്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ട്രെയിനുകളുടെ കോച്ചുകള്‍ പഴയ ട്രെയിനുകളേക്കാള്‍ ഭാരം കുറഞ്ഞതായിരിക്കും. 2023 ഓഗസ്റ്റില്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനാണ് ഐസിഎഫ് ലക്ഷ്യമിടുന്നത്.