പൊട്ടിച്ചിരിച്ചും കൗണ്ടറടിച്ചും കേരള നേതാക്കളോടൊപ്പം രാഹുല്‍ ഗാന്ധി; വൈറലായി വീഡിയോ

തിരുവനന്തപുരം: കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഒഴിവുസമയത്ത് കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും രാഹുല്‍ ഗാന്ധിയും കേരളത്തിലെ നേതാക്കളും. കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, എം എം ഹസന്‍, പി സി വിഷ്ണുനാഥ്, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ് എന്നിവരാണ് രാഹുല്‍ഗാന്ധിക്കൊപ്പം ഒത്തുകൂടിയത്. ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

‘കേരളത്തിലെ നേതാക്കളോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെക്കുന്നു. ഭാവി പദ്ധതികളെ കുറിച്ചു ചര്‍ച്ച ചെയ്തു. ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. കേരളമെന്ന സുന്ദരഭൂമിയിലൂടെയുള്ള ഹൃദയസ്പര്‍ശിയായ ഒരു യാത്രയാണിതെന്നും ആ ഓര്‍മകള്‍ തന്റെ മനസില്‍ നിലനില്‍ക്കും. പുലര്‍ച്ചെ 4.30 ന് എഴുന്നേല്‍ക്കാനാണ് പ്ലാനെന്ന് ജോഡോ യാത്രക്കിടെ ചെന്നിത്തല ജി എന്നോട് പറഞ്ഞു. എന്നാല്‍ ഇടപെട്ട ചെന്നിത്തല, ‘നോ, നോ, നോ ആരും എന്നെ വിളിച്ചില്ല’ – എന്നു പറഞ്ഞു. നാലു മണിക്ക് എഴുന്നേല്‍ക്കാനാണ് തന്റെ പ്ലാനെന്ന് എം എം ഹസന്‍ പറഞ്ഞതോടെ രാഹുലിന്റെ കൗണ്ടര്‍. ‘വൈകിട്ടാണോ, അതോ രാവിലെയാണോ’. രാഹുലിന്റെ തമാശ കേട്ട് നേതാക്കള്‍ പൊട്ടിച്ചിരിക്കുകയാണ് വീഡിയോയില്‍.