മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ തുടക്കം

അഹമ്മദാബാദ്: മുപ്പത്തിയാറാമത് ദേശീയ ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒളിമ്പിക് മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയും പി.വി.സിന്ധുവും ഗഗന്‍ നാരംഗും മീരാബായി ചാനുവും മലയാള താരം അഞ്ജു ബേബി ജോര്‍ജും പങ്കെടുത്തു.

സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലെക്സില്‍ ഫുട്ബോള്‍, ഹോക്കി, ബാസ്‌കറ്റ് ബോള്‍, കബഡി, ബോക്സിംഗ്, ടെന്നീസ് മത്സരങ്ങള്‍ക്കുള്ള സജജീകരണങ്ങളുണ്ടെന്നും ഇത് രാജ്യത്തിനാകെ മാതൃകയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കായിക മേഖലയിലെ സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി പ്രസംഗത്തിലൂടെ വ്യക്തമാക്കി. കേന്ദ്ര സ്പോര്‍ട്സ്, യുവജനകാര്യ മന്ത്രി അനുരാഗ് താക്കുര്‍, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന സ്പോര്‍ട്സ്മന്ത്രി ഹര്‍ഷ സാംഗ്വി, ഗവര്‍ണര്‍ ആചാര്യ ദേവ്രഥ്, സി.ആര്‍. പാട്ടില്‍ എം.പി, അഹമ്മദാബാദ് ഗവര്‍ണര്‍ കിരിത് പാര്‍മര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മോഹിത് ചൗഹാന്‍ എന്നിവരുടെ സംഗീതനിശകളും സ്റ്റേഡിയത്തില്‍ അരങ്ങേറി.