സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഉടന്‍ നിര്‍ദ്ദേശിക്കണം; കേരള വൈസ് ചാൻസലർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ

തിരുവനന്തപുരം: കേരള വൈസ് ചാൻസലർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ അധികാരങ്ങളും കർത്തവ്യവും ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. ഉടൻ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദ്ദേശിക്കണമെന്ന് ഗവർണർ വിസിയോട് നിർദ്ദേശിച്ചു. നോമിനിയെ വെക്കാൻ ഗവർണർ ആവശ്യപ്പെടുന്നത് മൂന്നാം തവണയാണ്. ഗവർണറുടെ അന്ത്യശാസനം തള്ളിയിട്ടും കടമ ഓർമിപ്പിച്ച് അദ്ദേഹം കേരള വിസിക്ക് കത്തയക്കുകയായിരുന്നു.

നിലവിലെ വിസിയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിനിധിയെ നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർ വിസിയ്ക്ക് അന്ത്യശാസനം നൽകിയത്. എന്നാൽ, വിസി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യം വിസി മറുപടിയായി നൽകി.

പിന്നീട് ഗവർണർ വീണ്ടും കത്തയച്ചെങ്കിലും പ്രതിനിധിയെ നൽകാൻ വിസി തയ്യാറായില്ല. ഇതോടെയാണ് ഗവർണർ വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയത്.