കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെ നിരോധിക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്‌ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ എസ്ഡിപിഐ – സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണ്. സിപിഎമ്മിന് കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായമില്ല. കെ റെയിൽ സമരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സിൽവർ ലൈനിന്റെ പേരിൽ നടന്നത് അക്രമ സമരങ്ങളായതിനാൽ ആ കേസുകളൊന്നും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ ഏറ്റവും അഴിമതി രഹിതമായ ഭരണ സംവിധാനമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സിപിഎം വ്യക്തമാക്കി.

