കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒമ്ബതാം സീസണിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആരംഭിച്ചു.

കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണുകളില്‍ കൊച്ചിയില്‍ മത്സരമുണ്ടായിരുന്നില്ല. ഒക്ടോബര്‍ 7ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി.

പേടിഎമ്മിന്റെയും, പേടിഎം ഇന്‍സൈഡൈറുടെയും ഉടമകളായ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്ബനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡാണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ടിക്കറ്റ് പാര്‍ട്ണര്‍മാര്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യം ഹോം മത്സരത്തിന്റെ ടിക്കറ്റുകള്‍ ആരാധകര്‍ക്ക് ഇപ്പോള്‍ മുതല്‍ സ്വന്തമാക്കാം. ‘പേടിഎമ്മിലും’, Insider. in വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് വാങ്ങാം. 299 രൂപയ്ക്കാണ് ഗ്യാലറി ടിക്കറ്റ് ആരംഭിക്കുന്നത്. വിഐപി ടിക്കറ്റിന് 1999 രൂപയുമുണ്ട്.