സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സമർപ്പിച്ച അപ്പീൽ തള്ളി ഹൈക്കോടതി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ പ്രതിയായ മുഹമ്മദ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

അതേസമയം, മുഹമ്മദ് നിസാമിന്റെ ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2015 ജനുവരി 29ന് പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16 നാണ് മരണപ്പെട്ടത്.