ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ല; പിന്തുണയുമായി സിപിഎം

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോൺഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങൾ കൂടുതലുള്ളതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആദ്യം സിപിഎം ഭരത് ജോഡോ യാത്രയെ എതിർത്തിരുന്നു.

കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ടുദിവസം മാത്രമാണ് കടന്നു പോകുന്നതെന്നായിരുന്നു സിപിഎം പരിഹസിച്ചിരുന്നത്. ആരെയാണ് കോൺഗ്രസ് നേരിടാൻ ശ്രമിക്കുന്നതെന്ന ചോദ്യവും സിപിഎം ഉന്നയിച്ചിരുന്നു. സംസ്ഥാന നേതാക്കളും പി.ബി. നേതാക്കന്മാർ ഉൾപ്പെടെയുള്ളവരും പരസ്യപ്രതികരണം നടത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഈ നിലപാടിൽ നിന്നെല്ലാം മാറി യാത്രയെ എതിർക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് സിപിഎം. വ്യാഴാഴ്ച ചേർന്ന സിപിഎം പിബി യോഗം വിഷയം ചർച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്.