കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശം; കെ ടി ജലീലിനെതിരെ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: കശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നടപടികളുമായി ഡൽഹി പോലീസ്. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ഹർജിയിൽ റോസ് അവന്യൂ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്എച്ച്ഓ രാഹുൽ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വിഷയത്തിൽ ഡൽഹി പോലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ മണി ഡൽഹി പൊലീസ് കമ്മീഷണർക്ക് നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്.

ഇതിനു തുടർച്ച ആയാണ് ഇപ്പോൾ അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാശ്മീർ സന്ദർശനത്തിൽ പാകിസ്ഥാൻ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീരെ’ന്നും ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യൻ അധീന കശ്മീരെന്നും’ കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നത് വലിയ വിവദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പ്പൂർ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.