വിഴിഞ്ഞം തുറമുഖ നിർമ്മാണം ഏകപക്ഷീയമായി നിർത്തിവയ്ക്കാനാകില്ല; മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്താൻ സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ലത്തീൻ അതിരൂപത എത്താത്തതിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹിമാൻ. സമരസമിതിയെ ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്ന ലത്തീൻ അതിരൂപതയുടെ വിശദീകരണത്തിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. ചർച്ച സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം തന്നെ സമരസമിതി അംഗങ്ങൾക്ക് നൽകിയെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സമരസമിതി ചർച്ചയ്ക്ക് വരാത്തതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം ഏകപക്ഷീയമായി നിർത്തിവയ്ക്കാനാകില്ല. തുറമുഖ നിർമാണം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സർക്കാർ തയാറാണ്. പോസിറ്റീവായ നിലപാടാണ് സമരത്തിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടും സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയാണോ എന്ന് സമരക്കാർ പരിശോധിക്കണമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണം രാജ്യതാത്പര്യമാണെന്നും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളത്. അതിരൂപതയ്ക്ക് ഇഷ്ടമുള്ള സമയത്ത് ചർച്ചയ്ക്കെത്താം. സർക്കാർ ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണ്. പരിഹാരഫോർമുല തയ്യാറാക്കാനായാൽ മുഖ്യമന്ത്രിയുമായും ചർച്ച നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നാണ് സർക്കാരിന്റെ നിലപാട്.