വാട്‌സ്ആപ്പ് യൂസര്‍മാരില്‍ സ്വകാര്യതാ നയം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കമ്ബനിയുടെ നയം ഉപയോക്താക്കളെക്കൊണ്ട് അംഗീകരിപ്പിക്കുകയും, ശേഷം അവരുടെ നിര്‍ണായക വ്യക്തിവിവരങ്ങള്‍ മാതൃകമ്ബനിയായ ഫേസ്ബുക്കുമായി പങ്കുവെക്കുകയും ചെയ്യുകയാണ് വാട്‌സ്ആപ്പെന്ന്‌ ഡല്‍ഹി ഹൈക്കോടതി കുറ്റപ്പെടുത്തി.

2021ലെ സ്വകാര്യത നയം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട കോംപെറ്റിഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ)യുടെ ഉത്തരവിനെതിരെ വാട്‌സ്ആപ്പും ഫേസ്ബുക്കും സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. നേരത്തേ ഹരജി തള്ളിക്കൊണ്ട് ഹൈകോടതി സിംഗ്ള്‍ ബെഞ്ച് എടുത്ത തീരുമാനം യുക്തിസഹമാണെന്നും അതു ശരിവെക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് സി.സി.ഐ അന്വേഷണത്തിന് തീരുമാനിച്ചത്.

2002ലെ കോംപെറ്റിഷന്‍ ആക്ടിന്റെ പ്രത്യക്ഷ ലംഘനം ഉണ്ടായിട്ടുണ്ടെന്ന സി.സി.ഐയുടെ വിലയിരുത്തല്‍ ശരിയാണെന്നു പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, വാട്‌സ്ആപ്പില്‍ ഇത്ര വലിയ ഡേറ്റ കേന്ദ്രീകരിക്കുന്നത് മത്സരക്ഷമത സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും പറഞ്ഞു.’ഫേസ്ബുക്കുമായി ഡേറ്റ പങ്കുവെക്കുന്നതില്‍നിന്ന് 30 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങാന്‍, 2016ലെ വാട്‌സ്ആപ്പിന്റെ സ്വകാര്യത നയത്തില്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ പുതിയ നയം ഉപയോക്താവിനെ, ‘ഒന്നുകില്‍ എടുക്കൂ അല്ലെങ്കില്‍ ഉപേക്ഷിക്കൂ’ എന്ന അവസ്ഥയിലെത്തിച്ച് നയം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ശേഷം ഈ ഡേറ്റ ഫേസ്ബുക്കുമായി പങ്കുവെക്കുകയും ചെയ്യും’-കോടതി വിവരിച്ചു. അതേസമയം, തങ്ങള്‍ വാടസ്ആപ്പില്‍നിന്ന് വ്യത്യസ്തമായി നിയമപരമായി മറ്റൊരു സ്ഥാപനമാണെന്നും അതുെകാണ്ട് ഇക്കാര്യത്തില്‍ സി.സി.ഐയുടെ അന്വേഷണ പരിധിയില്‍ വരേണ്ടതില്ലെന്നും ഫേസ്ബുക്ക് വാദിച്ചു.