തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
53,236 സീറ്റുകൾ ആണ് മലപ്പുറം ജില്ലയിൽ നേരത്തെ അനുവദിച്ചിരുന്നത്. ഇതിൽ 22,600 സീറ്റുകൾ സർക്കാർ മേഖലയിലും 19,350 സീറ്റുകൾ എയിഡഡ് മേഖലയിലും 11,286 സീറ്റുകൾ അൺ എയിഡഡ് മേഖലയിലുമുണ്ട്. അഡീഷണൽ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകൾ 6,105 ആണ്. ഇതിൽ സർക്കാർ മേഖലയിലെ 4,545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1,560 സീറ്റുകളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
മാർജിനിൽ സീറ്റ് വർദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകൾ 11,635 ആണ്. ഇതിൽ 6,780 സീറ്റുകൾ സർക്കാർ മേഖലയിലും 4,855 സീറ്റുകൾ എയിഡഡ് മേഖലയിലും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ വരുമ്പോൾ ആകെ ഹയർ സെക്കൻഡറി സീറ്റുകൾ സർക്കാർ മേഖലയിൽ 33,925 ഉം എയിഡഡ് മേഖലയിൽ 25,765 ഉം അൺ എയ്ഡഡ് മേഖലയിൽ 11,286 അടക്കം ആകെ 70,976 ആണ്. ഇതിനുപുറമെ വിഎച്ച്എസ്ഇ മേഖലയിൽ 2,850 ഉം ഐടിഐ മേഖലയിൽ 5,484 ഉം പോളിടെക്നിക് മേഖലയിൽ 880 ഉം സീറ്റുകൾ ഉണ്ട്. അങ്ങനെ ആകെ ഉപരിപഠനത്തിനായി 80,190 സീറ്റുകൾ മലപ്പുറം ജില്ലയിൽ ലഭ്യമാണ്. മലപ്പുറം ജില്ലയിൽ നിന്ന് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത് 79,730 കുട്ടികൾ ആണെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

