കെഎസ്ആർടിസിയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണം; ആവശ്യവുമായി സിപിഐ

തിരുവനന്തപുരം: കെഎസ്ആർടിസിയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സിപിഐ. സർക്കാർ കെസ്ആർടിസിയെ ഏറ്റെടുത്ത് ജീവനക്കാർക്ക് തൊഴിലും സാധാരണക്കാർക്ക് യാത്ര സൗകര്യവും ഉറപ്പുവരുത്തണമെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ പൊതുയാത്ര സംവിധാനമാണ് കെഎസ്ആർടിസിയെന്നും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ജനകീയ പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുകയാണെന്നും സിപിഐ പ്രമേയത്തിൽ വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ നൂറുകണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ടിക്കറ്റ് ഇതിര വരുമാനം ഉൾപ്പെടെ 250 കോടിയോളം രൂപ വരുമാനം ഉണ്ടെങ്കിലും ജീവനക്കാർക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയും വിരമിച്ചവർക്ക് പെൻഷൻ കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്.

മാനേജ്മെന്റിന്റെ നിരുത്തരവാദത്വ സമീപനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാരിൽ ഭൂരിപക്ഷവും കരുതുന്നു. കോവിഡിന് മുൻപ് 42000 ജീവനക്കാരെ വച്ച് 5500 ഷെഡ്യൂൾ വരെ ഓപ്പറേറ്റ് ചെയ്തിരുന്നു. 35 ലക്ഷത്തോളം ജനങ്ങൾ ഈ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3000 സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത് ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അവർക്ക് ജോലി തിരികെ കിട്ടും എന്നു ഒരു ഉറപ്പും നിലവിലില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.

തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ മാനേജ്മെന്റ് നടത്തുന്ന ഓരോ പരിഷ്‌കാരങ്ങളും പരാജയപ്പെടുകയാണ്. തൊഴിലാളി വിരുദ്ധമായ നടപടികളിൽ നിരാശരും പ്രതിഷേധമുള്ളവരുമാണ് ജീവനക്കാർ. 12 മണിക്കൂർ സമയം ജോലി ചെയ്യുവാൻ ഹാജരാകണം എന്ന് നിർദേശം ആശങ്കജനകമാണ്. പ്രതിസന്ധിക്ക് ഉത്തരവാദികൾ തൊഴിലാളി സംഘടനകളും തൊഴിലാളികളുമാണെന്ന മാനേജ്മെന്റിന്റെ സമീപനത്തോട് പൊതു സമൂഹത്തിന് യോജിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ കുറ്റപ്പെടുത്തി.