ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാല്‍ മദ്യ കമ്ബനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് അല്ലു അര്‍ജുന്‍

മദ്യ കമ്ബനിയുടെ പരസ്യത്തിന്റെ പത്ത് കോടി രൂപയുടെ ഓഫര്‍ നിരസിച്ച് തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുന്‍. ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് താരം കോടികളുടെ ഓഫര്‍ വേണ്ടെന്നുവച്ചത്.

അതേസമയം, നേരത്തെ പ്രമുഖ പുകയില കമ്ബനി കോടികള്‍ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെച്ചിരുന്നു. താന്‍ വ്യക്തിപരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ല എന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നടന്റെ പ്രതികരണം. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് താരത്തിനെതിരെ പരാതി പോയിരുന്നു. പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡിയാണ് ഹൈദരാബാദിലെ അംബര്‍പേട്ട് പൊലീസില്‍ പരാതി നല്‍കിയത്. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അല്ലു അര്‍ജുനെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് പരാതി.

ഒരു ഫുഡ് ഡെലിവറി ആപ്പ് വിപണനം ചെയ്തതിനും അല്ലു അര്‍ജുന്‍ വിവാദം നേരിട്ടിരുന്നു. സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് താരം നടപടി നേരിടേണ്ടി വന്നത്.