കെ.ടി ജലീലിന്റെ ‘ആസാദ് കാശ്മീര്‍’ പരാമര്‍ശം; ഡല്‍ഹി പോലീസില്‍ പരാതി

ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ ‘ആസാദ് കാശ്മീര്‍’ പരാമര്‍ശത്തില്‍ ജലീലിനെതിരെ അഭിഭാഷകന്‍ ജി എസ് മണി ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കാശ്മീര്‍ സന്ദര്‍ശനത്തില്‍ പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീരെ’ന്നും ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യന്‍ അധീന കശ്മീരെന്നും’ കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് വിവാദമായിരുന്നു.

അതേസമയം, ഇന്ത്യന്‍ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. ഇതേത്തുടര്‍ന്ന് ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ജലീലിന് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

എന്നാല്‍, ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ‘ആസാദ് കാശ്മീര്‍’ എന്നെഴുതിയതെന്നും ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നും വിവാദങ്ങള്‍ക്ക് പിന്നാലെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.