മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ അന്വേഷണം കാര്യക്ഷമമല്ല; സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ അട്ടിമറിച്ചുവെന്നുമാണ് പരാതിക്കാരന്‍ കത്തില്‍ പറയുന്നു.

അതേസമയം, വിഷയം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. ഐ.ജി ലക്ഷ്മണ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമില്ല. പോലീസുകാര്‍ മോണ്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം കടം വാങ്ങിയതാണ്. പട്രോളിങ് ബുക്ക് അവിടെവെച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമാണ് എന്നീ കാര്യങ്ങളായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്ത് നല്‍കിയിരിക്കുന്നത്.

കേസിലെ തെളിവുകള്‍ പലതും അട്ടിമറിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ട്. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല. സി.ബി.ഐയ്ക്ക് മാത്രമേ വിപുലമായിട്ട് അന്വേഷിക്കാന്‍ സാധിക്കൂ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.