ഓർത്തഡോക്‌സ് പളളിത്തർക്ക വിഷയം; നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ- ഓർത്തഡോക്‌സ് പളളിത്തർക്ക വിഷയത്തിൽ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. എന്ത് നിയമമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.

സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണോ ഈ നിയമനിർമാണമെന്ന് അറിയേണ്ടതുണ്ട്. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടായിട്ടും രാഷ്ട്രീയ കാരണങ്ങളാലാണ് സർക്കാർ കൈയ്യും കെട്ടി നോക്കുനിൽക്കുന്നതെന്ന് ഓർത്തഡോക്‌സ് സഭ വിമർശിച്ചു.

സഭയിൽ ഐക്യവും സമാധാനവും കൊണ്ടുവരികയാണ് ആത്യന്തിക ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവിഭാഗവും അതിന് മുന്നിട്ടിറങ്ങണമെന്ന ആവശ്യവും ഹൈക്കോടതി മുന്നോട്ടുവെച്ചു. എന്തെങ്കിലും സമവായ സാധ്യത സർക്കാർ മുന്നോട്ടുവയ്ക്കുമോ എന്ന് നോക്കട്ടെയെന്നും കോടതി പറഞ്ഞു. തങ്ങൾ ശ്രമിക്കുന്നതും അതിനാണെന്നും കോടതി കൂട്ടിച്ചേർത്തു.