പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തിമൂല്യം 2.23 കോടി രൂപ, സ്വന്തമായി വാഹനമില്ല; സ്വത്ത് വിവര കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തിമൂല്യം 2.23 കോടി രൂപയെന്ന് കണക്കുകൾ. 2022 മാർച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷത്തെക്കാൾ 26.13 ലക്ഷം അധികമാണ് ആസ്തി. എന്നാൽ, ഇത് സ്വാഭാവിക ആസ്തി വർദ്ധനവ് മാത്രമാണെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ ശമ്പളവും മറ്റ് കാര്യങ്ങളും മൂലമുണ്ടായ വർദ്ധനവാണിത്.

2021 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം, 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ നരേന്ദ്ര മോദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഗാന്ധിനഗറിലെ ഭൂമി കൂടി ദാനംചെയ്തതോടെ നിലവിൽ അദ്ദേഹത്തിന് സ്ഥാവര സ്വത്തുക്കളൊന്നുമില്ല. 2.23 കോടി രൂപയിൽ കൂടുതലും ബാങ്ക് നിക്ഷേപമാണ്. സ്വന്തമായി വാഹനമില്ല. ബോണ്ടുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപമില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നാലു സ്വർണ്ണമോതിരങ്ങളും അദ്ദേഹത്തിനുണ്ട്. 1.73 ലക്ഷം രൂപ വിലമതിക്കുന്നവയാണ് മോതിരങ്ങൾ.

35,250 രൂപയാണ് 2022 മാർച്ച് 31-ന് പ്രധാനമന്ത്രിയുടെ കൈയിലുള്ള പണം. 9,05,105 രൂപയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ഓഫീസിലുള്ള നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകളുചെ മൂല്യം. 1,89,305 രൂപയുടെ മൂല്യമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളും അദ്ദേഹത്തിനുണ്ട്. അതേസമയം, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാമുള്ളത്. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, ആർ.കെ. സിങ്, ഹർദീപ് സിങ് പുരി, പർഷോത്തം രൂപാല, ജി. കിഷൻ റെഡ്ഡി എന്നിവരും തങ്ങളുടെ ആസ്തി വിവരക്കണക്കുകൾ വെളിപ്പെടുത്തിയിരുന്നു.