അമിത ചാർജ്ജ് ഈടാക്കുന്ന വൈദ്യുത മേഖലയിലെ കുത്തകകൾക്കെതിരായ നീക്കവുമായി കേന്ദ്ര സർക്കാർ; വൈദ്യുതി നിയമഭേദഗതി ബില്ലിനെ കുറിച്ച് അറിയാം

ന്യൂഡൽഹി: അമിത ചാർജ്ജ് ഈടാക്കുന്ന വൈദ്യുത മേഖലയിലെ കുത്തകകൾക്കെതിരായ നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ വൈദ്യുതി നിയമഭേദഗതി ബിൽ കൊണ്ടുവന്നത്. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ വൈദ്യുതി നിരക്കുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില കമ്പനികൾ കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതൽ കമ്പനികൾക്ക് വൈദ്യുതി വിതരണ അനുമതി നൽകുകയും ചെയ്യും.

ഒരു പ്രദേശത്ത് ഒന്നിലധികം വൈദ്യുതി വിതരണ കമ്പനികൾക്ക് അനുമതി നൽകുമെന്നാണ് ബില്ലിൽ വ്യക്തമാക്കിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് നിയമം വഴി നിശ്ചയിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വലിയ വൈദ്യുതി ചാർജ്ജ് ഈടാക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കുമായി കമ്പനികളെത്തുന്നത് ജനങ്ങൾക്ക് പ്രയോജനകരമാകും. വലിയ കമ്പനികൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകി കുത്തക സൃഷ്ടിക്കുന്നത് തടയാൻ കുറഞ്ഞ നിരക്ക് നിശ്ചയിക്കാൻ കഴിയും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം സംസ്ഥാന റെഗുലേറ്ററി അതോറിറ്റി വിഷയത്തിൽ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ സ്വാഭാവിക അനുമതി ലഭിച്ചതായി കണക്കാക്കപ്പെടുമെന്നും ബില്ലിൽ വിശദമാക്കുന്നു.

അതേസമയം, പൊതുവിതരണ ശൃംഖല ഉപയോഗിച്ച് വൈദ്യുതി വിതരണം നടത്തുന്ന സ്വകാര്യ കമ്പനികളിൽ നിന്ന് വിതരണ ശൃംഖലയുടെ പരിപാലന തുക അടക്കമുള്ള വീലിങ് ചാർജ്ജ് ഈടാക്കും. വൈദ്യുതി കമ്പനികൾ ബാങ്ക് ഗ്യാരണ്ടി നൽകുന്നില്ലെങ്കിൽ ദേശീയ സംസ്ഥാന ഡെസ്പാച്ച് സെന്ററുകൾക്ക് വൈദ്യുതി വിച്ഛേദിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും വൈദ്യുതി നൽകണമെന്ന യൂണിവേഴ്‌സൽ സർവ്വീസ് ഒബ്ലിഗേഷൻ പുതിയ കമ്പനികൾക്കും ബാധകമാണെന്നും ബില്ലിൽ പറയുന്നു.