ഇതൊരു നല്ല തുടക്കം; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അഖിലേഷ് യാദവ്

ലഖ്നൗ: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതൊരു നല്ല തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിവസം ‘ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർന്നു, ഇന്ന് ‘ബിജെപിയെ ഓടിക്കുക’എന്ന മുദ്രാവാക്യം ബിഹാറിൽ നിന്ന് വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ അനുഭവപരിചയമുള്ള നേതാവാണ് നിതീഷ് കുമാർ. അദ്ദേഹത്തെ കുറിച്ച് എന്ത് പറയാൻ കഴിയും. അദ്ദേഹത്തിന് ബീഹാറും ബീഹാർ രാഷ്ട്രീയത്തിന്റെ ഗണിതവും നന്നായി അറിയാം. അധികം താമസിയാതെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ബിജെപിക്കെതിരെ നിലകൊള്ളുമെന്ന് കരുതുന്നുവെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. ഉത്തർപ്രദേശിലെ കനൗജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നിതിഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ബിജെപിയുമായുള്ള സഖ്യം പാർട്ടിയെ ദുർബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എൻഡിഎ വിട്ടതെന്ന് നിതീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ചതി ജനം പൊറുക്കില്ലെന്നും, നിതീഷിൻറെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി നേതൃത്വം വിശദമാക്കിയത്.