സ്‌ക്വാഷില്‍ വെങ്കല മെഡലുമായി ഇന്ത്യയുടെ സൗരവ് ഘോഷാല്‍

ബെര്‍മിങ്ഹാം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെങ്കലം. കോമണ്‍വെല്‍ത്തില്‍ സ്‌ക്വാഷില്‍ ലഭിക്കുന്ന ആദ്യ വ്യക്തിഗത മെഡലാണെന്നത് രാജ്യത്തിന്റെ അഭിമാനം ഇരട്ടിയാക്കുന്നു.

ഇംഗ്ലണ്ടിന്റെ മുന്‍ലോക ഒന്നാം നമ്ബര്‍ താരം ജെയിംസ് വില്‍സ്ട്രോപ്പിനെയാണ് വെങ്കലത്തിനായുളള പോരാട്ടത്തില്‍ സൗരവ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ 3-0 സ്‌കോറിനായിരുന്നു സൗരവിന്റെ വിജയം. 11-6, 11-1, 11-4 എന്നിങ്ങനെയാണ് സ്‌കോര്‍. ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌ക്വാഷ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സൗരവ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. നാല് വര്‍ഷം കാത്തിരുന്ന് ഫിറ്റ്നസും കളിയും മെച്ചപ്പെടുത്തിയാണ് സൗരവ് ഘോഷാല്‍ ഇക്കുറി ബെര്‍മിങ്ഹാമിലേക്ക് വണ്ടി കയറിയത്. സൗരവിന്റെ നേട്ടത്തില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെ അഭിനന്ദിച്ചു. സൗരവിന്റെ മെഡല്‍നേട്ടം രാജ്യത്തെ യുവതാരങ്ങളെ സ്‌ക്വാഷ് കളിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.