‘ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തി’; ഇഡി റെയ്ഡിനെതിരെ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡില്‍ പൊട്ടിത്തെറിച്ച് സോണിയ ഗാന്ധി. ‘നാഷനല്‍ ഹെറള്‍ഡിന്റെ പാരമ്പര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇഡി സംഘം കയറിയത്. ബ്രിട്ടിഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണത്. ഇതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കണം’- സോണിയ പറഞ്ഞു. പാര്‍ലമെന്റില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യവെ ക്ഷുഭിതയാവുകയായിരുന്നു അവര്‍.

അതേസമയം, നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനം ഇഡി മുദ്രവച്ചതിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികള്‍ സ്ഥിതി ചെയ്യുന്ന റോഡുകള്‍ക്കും മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയിരുന്നു. ഇതോടെ ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന പരന്നു. പി്ന്നീട് ബാരിക്കേഡുകള്‍ നീക്കം ചെയ്തു. പത്രത്തിന്റെ പ്രസാധകരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും സ്വത്തും യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇഡി അന്വേഷിക്കുന്നത്. രേഖകളും തെളിവുകളും നഷ്ടപ്പെടാതിരിക്കാനാണു നാഷനല്‍ ഹെറള്‍ഡ് ആസ്ഥാനം മുദ്രവച്ചതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റേതു വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പൊതുപണം കൊള്ളയടിക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ബിജെപി വക്താവ് സംബിത് പത്രയും ചൂണ്ടിക്കാട്ടി.