‘കടുവ’ യുടെ സെന്‍സര്‍ ചെയ്ത കോപ്പിയാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്ന് ഹൈക്കോടതി

എറണാകുളം: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ സെന്‍സര്‍ ചെയ്ത കോപ്പിയേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രം വ്യാഴാഴ്ച ഒടിടിയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് സെന്‍സര്‍ ചെയ്ത കോപ്പിയേ റിലീസ് ചെയ്യാവൂ എന്ന് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് മാറ്റിയേ ചിത്രം റിലീസ് ചെയ്യാവൂ എന്ന് കോടതി നേരത്തെ ഉത്തരവിട്ടതിനെ തുടര്‍ന്ന് കുറുവച്ചന്‍ എന്ന പേര് മാറ്റി കുര്യച്ചന്‍ എന്നാക്കിയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ഇത്തരത്തില്‍ പേര് മാറ്റി ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഒടിടിയിലും സെന്‍സര്‍ ചെയ്ത കോപ്പി മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് കോടതി ഉത്തരവിട്ടത്. സിനിമയുടെ ഒടിടി റിലീസ് തടയണം എന്നായിരുന്നു ജോസ് കുരുവിനാക്കുന്നേല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ജോസ് കുരുവിനാക്കുന്നേലിന്റെ ഹര്‍ജിയില്‍ സിനിമ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.