ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് പ്രധാനമന്ത്രി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. അഹമ്മദാബാദിലെ ദി നിഷാൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തി പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി. രാവിലെ 7.30ന് മോദി പോളിംഗ് ബൂത്തിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് മോദിയെ സ്വീകരിച്ചത്.

1,300 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 120 വനിതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 10 സംസ്ഥാനങ്ങളും ജമ്മുകാശ്മീർ, ദാദർ, നാഗർഹവേലി- ദാമൻ ദിയു കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് മാറ്റിവച്ച മദ്ധ്യപ്രദേശിലെ ബേട്ടുൽ മണ്ഡലവും ഇതിലുൾപ്പെടുന്നു.

ഗുജറാത്ത്(25), കർണാടക(14), മഹാരാഷ്ട്ര(11), ഉത്തർപ്രദേശ്(10), മദ്ധ്യപ്രദേശ്(9), ഛത്തീസ്ഗഢ്(7), ബീഹാർ(5), അസാം(4), പശ്ചിമ ബംഗാൾ(4), ഗോവ(2), ദാദ്ര നഗർ ഹവേലി, ദാമൻ ദിയു(2).ജമ്മു കാശ്മീർ(1) എന്നിവയാണ് ഇന്ന് പോളിംഗ് നടക്കുന്ന മണ്ഡലങ്ങൾ.