മെഡിസെപ്പ് അല്ല, മേടിക്കല്‍ സെപ്പ്; പദ്ധതിക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നതാണ്. 700 കോടി രൂപയോളം ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് എത്തപ്പെടുന്നുണ്ട്. എന്നാല്‍ പ്രശസ്തമായ ഇന്‍ഷുറന്‍സ് കമ്പനികളൊന്നും തന്നെ ഈ ലിസ്റ്റില്‍ ഇല്ല. പദ്ധതിയില്‍ ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ല. മെഡിസെപ്പ് കവറേജുള്ള ലിസ്റ്റിലുള്ളതില്‍ അധികവും കണ്ണാശുപത്രികളാണ്, അവിടെയാണോ ക്യാന്‍സര്‍ ചികിത്സ നടത്തേണ്ടത് ? മെഡിസെപ്പ് പദ്ധതിക്കായി വാര്‍ഷിക പ്രീമിയമായി 6000 രൂപ ജിവനക്കാരില്‍ നിന്ന് ഈടാക്കുമ്പോള്‍ അതില്‍ 336 രൂപ മാത്രമാണ് സര്‍ക്കാര്‍ വിഹിതം. നാല്‍പത് കോടി രൂപയാണ് ഇതിലൂടെ ധനവകുപ്പിലേക്ക് എത്തുന്നത്. ഈ പദ്ധതിയുടെ പേര് മെഡിസെപ്പ് എന്നല്ല മേടിക്കല്‍ സെപ്പ് എന്ന് മാറ്റണം. കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആശുപത്രികളിലും ചികിത്സ ഉറപ്പാക്കണം. മെഡിസെപ്പിന് ഹെല്‍പ് ഡെസ്‌ക് പോലും ഇല്ല. യാതൊരു മുന്നൊരുക്കവും ഇല്ലാതെ സര്‍ക്കാര്‍ തിരക്കിട്ട് നടപ്പിലാക്കിയ പദ്ധതിയാണിത്.

എന്നാല്‍, പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് പദ്ധതി വലിയ ഉപകാരപ്രദമാണെന്നും ധനമന്ത്രി കെ.എന്‍ വിശദീകരിച്ചു. ഇന്‍ഷുറന്‍സ് കമ്പനിക്ക് പണം നല്‍കുന്നത് ജിഎസ്ടി അടക്കമാണ്. പദ്ധതി നടപ്പാക്കാതിരിക്കാന്‍ ആശുപത്രി ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെ ഒരുമിച്ച് നേരിടണം. ഇനിയും വൈകിയാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നേക്കും. അതുകൊണ്ടാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. പദ്ധതി നടപ്പാക്കുന്നതില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.