യദുവിന്റെ പരാതി; ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ യദുവുമായുളള തർക്കത്തിൽ ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കന്റോൺമെന്റ് പൊലിസ് ഇവർക്കെതിരെ കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിൽ ആരോപിച്ചിരുന്നത്.

ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്നാണ് യദു കോടതിയിൽ ഹർജി നൽകിയത്.

അതേസമയം, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നാല് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാർഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിർദ്ദേശ പ്രകാരമുള്ള രണ്ട് കേസുകൾ.