നടിയെ ആക്രമിച്ച കേസ് പുനരന്വേഷിക്കണം; ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പി.സി ജോര്‍ജ്‌

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ്.

‘ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. പൊലീസില്‍ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം’- പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം, ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയതുപൊലെ എഴുതി ചേര്‍ത്തതാണെന്നുമാണ് ശ്രീലേഖ വെളിപ്പെടുത്തിയത്.
‘സാക്ഷികള്‍ കുറുമാറാന്‍ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പള്‍സര്‍ സുനില്‍ മുമ്പും നടിമാരെ ആക്രമിച്ച കാര്യം എനിക്കറിയാമായിരുന്നു. പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചത് പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷന്‍ എന്നതും തെളിവായി കാണാന്‍ ആകില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നു’- എന്നാണ് ശ്രീലേഖ വ്യക്തമാക്കിയിരുന്നത്.