ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ കേസെടുത്തു. കാളീദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിലാണ് മഹുവയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭോപ്പാൽ ജഹാംഗീരാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഐപിസി 295 (എ) വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി ഭോപ്പാൽ പൊലീസ് കമ്മീഷണർ അമിത് കുമാർ വ്യക്തമാക്കി.
മതവികാരം വ്രണപ്പെടുത്തിയെന്നാണ് മഹുവയ്‌ക്കെതിരെയുള്ള പരാതി. മഹുവ മൊയ്ത്രയുടെ പ്രസ്താവനകൾ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.
അതേസമയം, മഹുവയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങളെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും എംപിക്ക് മുന്നറിയിപ്പ് നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. കാളീ ദേവിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ഒരു ദേവതയായിട്ടാണ് താൻ സങ്കൽപ്പിക്കുന്നതെന്നായിരുന്നു മഹുവയുടെ പരാമർശം. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്ന പോസ്റ്റർ വിവാദമായിരുന്നു. ഇതിലുള്ള പ്രതികരണമായിട്ടായിരുന്നു മഹുവ ഇക്കാര്യം വ്യക്തമാക്കിയത്.

